SEARCH


Kannur Cherukunnu Thekkumbad Kulom Thayakavu (തെക്കുമ്പാട് പെരുംകൂലോം - തായക്കാവും)

Course Image
കാവ് വിവരണം/ABOUT KAVU


2016 theyyam confirmed on December 18-23, Devakooth on December 20th morning 10am
Theyyam festival Dhanu 1-5 Once in two years (December month) Next 2016 Dec
തെക്കുമ്പാട് പെരുംകൂലോം – തായക്കാവും സ്ത്രീ തെയ്യവും ഉത്തരമലബാറിലെ ദേവീക്ഷേത്രങ്ങളിൽ പ്രഥമഗണനീയ സ്ഥാനമാണ് തെക്കുമ്പാട് പെരുംകൂലോം (ശ്രീ ചുഴലിഭഗവതി ക്ഷേത്രം) ക്ഷേത്രവും തെക്കുമ്പാട് തായക്കാവും (കോലസ്വരൂപത്തിങ്കൽ തായക്കാവ്) അലങ്കരിക്കുന്നത്. ചിറക്കൽ കോവിലകം ദേവസ്വത്തിൽപ്പെടുന്ന ഈ ക്ഷേത്രങ്ങൾ സ്ഥിതിചെയ്യുന്നത് കണ്ണൂർ ജില്ലയിലെ മാട്ടുൽ പഞ്ചായത്തിലെ തെക്കുമ്പാട് ദ്വീപിലാണ്. ചെറുകുന്ന് അന്നപൂർണേശ്വരി ക്ഷേത്രത്തിൽ നിന്ന് ഏകദേശം 2 കി. മീ പടിഞ്ഞാറ് അന്നപൂർണേശ്വരി അമ്മ കപ്പലിറങ്ങിയ ആഴിതീരം തങ്ങി (ആയിരംതെങ്ങ്) എന്ന സ്ഥലത്തിനു സമീപത്താണ് പ്രകൃതി രമണീയമായ തെക്കുമ്പാട് ദ്വീപ് സ്ഥിതിചെയ്യുന്നത്. തെക്കുമ്പാട് ദ്വീപിന്‍റെ തെക്കേ അറ്റത്ത് 18 ഏക്കർ വനത്തിനുള്ളിലാണ് തായക്കാവ് സ്ഥിതിചെയ്യുന്നത്. കോലത്തിരി രാജാക്കൻമാരുടെ കുലദേവതയായ മാടായിക്കാവിലമ്മയുടെ (കോലസ്വരൂപത്തിങ്കൽത്തായ) ചൈതന്യസങ്കൽപ്പത്തിലാണ് ഇവിടുത്തെ ആരാധനാസമ്പ്രദായം. ഘോരവനാന്തരത്തിനുള്ളിൽ ഒറ്റപ്പെട്ടു നിൽക്കുന്ന ശ്രീകോവിലും കിണറും കുളവുമെല്ലാം ഭക്തി നിർഭരമായ കാഴ്ചയാണ്. പൂർവ്വിക കാലത്ത് തെക്കുമ്പാട് ദ്വീപിന്‍റെ അധീനതയ്ക്കായി പടനയിച്ച കോലത്തിരിയുടെ പടയാളികൾ വളപട്ടണം കോട്ടയിൽ നിന്ന് പുഴ വഴി വന്ന് തെക്കുമ്പാട് വനത്തിൽ താവളമുറപ്പിച്ച് ഈ ദ്വീപ് കൈവശപ്പെടുത്തിയതായും ചരിത്രമുണ്ട്. അന്ന് വനത്തിൽ വച്ച് ആരാധന നടത്തിയ സ്ഥലത്താണ് പിൽക്കാലത്ത് പ്രസിദ്ധമായ കോലസ്വരൂപത്തിങ്കൽ തായയുടെ കാവ് ഉയർന്നുവന്നത്.
തായക്കാവിലമ്മയുടെ പ്രധാന ശ്രീകോവിലിനു പുറമെ, വനത്തിനകത്ത് വേട്ടശാസ്താവിന്‍റേയും എരിഞ്ഞിക്കീൽ ഭഗവതിയുടേയും സാന്നിദ്ധ്യസ്ഥാനവും ഉണ്ട്. പ്രധാന ശ്രീകോവിലിൽ നിന്ന് തെക്കു ഭാഗത്ത് കാട്ടിനകത്ത് വൃക്ഷച്ചുവട്ടിലാണ് ശാസ്താവിന്‍റെ സ്ഥാനം. അതിനടുത്ത് ഒരു ഇലഞ്ഞിമരത്തിലാണ് എരിഞ്ഞിക്കീൽ ഭഗവതിയുടെ സ്ഥാനം. തെയ്യക്കോലം കെട്ടിയാടാറുണ്ടെങ്കിലും ഇവർക്ക് ശ്രീകോവിൽ ഇല്ല എന്നുള്ളതും ശ്രദ്ധേയമാണ്. തായക്കാവിൽ നിന്ന് ഏകദേശം 750 മീറ്റർ വടക്കു മാറിയാണ് തെക്കുമ്പാട് പെരുംകൂലോം എന്ന് പ്രസിദ്ധമായ ചുഴലിഭഗവതി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. വടക്കേമലബാറിലെ പ്രസിദ്ധങ്ങളായ നാല് പെരുംകൂലോങ്ങളിൽ പ്രധാന സ്ഥാനമാണ് ഈ കൂലോത്തിനുള്ളത്. ഉത്തരമലബാറിലെ പ്രാചീന വാഴ്ചക്കാരായ ചുഴലിസ്വരൂപത്തിന്‍റെ പരദേവതയായ ചുഴലിഭഗവതി(രാജരാജേശ്വരി)യാണ് പ്രധാന ദേവതയായി കൂലോം ക്ഷേത്രത്തിൽ ആരാധിച്ചുവരുന്നത്. പരാശക്തിയുടെ സ്വാതീകഭാവത്തിലുള്ള പൂജയാണ് ഇവിടെ നടത്താറുള്ളത്. ചുഴലിഭഗവതിക്കു പുറമെ ക്ഷേത്ര ശ്രീകോവിലിന്‍റെ പുറത്ത് വടക്കു പടിഞ്ഞാറു മൂലയിൽ നീരിയോട്ടു സ്വരൂപത്തിന്‍റെ ഉപദേവതയായ കരിഞ്ചാമുണ്ഡേശ്വരി ആൽവൃക്ഷചുവട്ടിൽ സ്ഥാനം കൊള്ളുന്നു. ധനു 1 മുതൽ 5 വരെയാണ് കൂലോം ക്ഷേത്രത്തിലെ കളിയാട്ടമഹോത്സവം നടത്തുന്നത്. പ്രധാന പരദേവതയായ ചുഴലിഭഗവതിക്കു പുറമെ അള്ളട സ്വരൂപത്തിന്‍റെ ദേവതയായ മാഞ്ഞാളി അമ്മയും, കരിഞ്ചാമുണ്ഡേശ്വരി, വേട്ടക്കൊരുമകൻ, നാഗദേവത, തെക്കൻ കരിയാത്തൻ, വെള്ളാട്ടങ്ങൾ, ദേവക്കൂത്ത് എന്നീ തെയ്യക്കോലങ്ങളും കെട്ടിയാടിവരുന്നു. ഉത്തരമലബാറിലെ ക്ഷേത്രങ്ങളിലും കാവുകളിലും കളിയാട്ടങ്ങളിൽ തെയ്യക്കോലം കെട്ടിയാടാറുണ്ടെങ്കിലും ഒരു സ്ത്രീ കെട്ടി അവതരിപ്പിക്കുന്ന ‘ദേവക്കൂത്ത്’ തെക്കുമ്പാട് കൂലോം ക്ഷേത്രത്തിന്‍റെ മാത്രം പ്രത്യേകതയാണ്.മറ്റെല്ലാ കാവുകളിലും തെയ്യക്കോലങ്ങൾ കെട്ടിയാടുന്നത് വിവിധ സമുദായത്തിൽ(വണ്ണാൻ,മലയ)പ്പെട്ട ആചാരക്കാരായ പുരുഷന്മാരാണ്. എന്നാൽ തെക്കുമ്പാട് കൂലോം ക്ഷേത്രത്തിലെ ദേവക്കൂത്ത് കെട്ടിയാടുന്നത് മലയസമുദായത്തിലെ ആചാരക്കാരിയായ ഒരു സ്ത്രീയാണ് എന്നത് തെക്കുമ്പാട് കൂലോത്തിന്‍റെ പ്രശസ്തിയും പ്രധാന്യവും വർദ്ധിപ്പിക്കുന്നു. ഈ തെയ്യത്തിന്‍റെ പ്രത്യേകതയും ചരിത്രവും ആചാരവും പഠിക്കുന്നതിനും മറ്റുമായി വിദേശങ്ങളിൽനിന്നുൾപ്പെടെ ആയിരക്കണക്കിനാളുകൾ ഇവിടെ ഒത്തുചേരുന്നു. ദേവക്കൂത്തിനെ സംബന്ധിച്ച് ധാരാളം പഠനങ്ങളും ലേഖനങ്ങളും സിനിമകളും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ചെറുകുന്ന് കതിരുവെക്കും തറയിൽ നിന്നും അന്നപൂർണേശ്വരി ക്ഷേത്രത്തിന്‍റെ പടിഞ്ഞാറു ഭാഗത്ത് റോഡുമാർഗ്ഗം ഏകദേശം 2 കി. മീറ്റർ യാത്ര ചെയ്താൽ തെക്കുമ്പാട് കൂലോം ക്ഷേത്രസന്നിധിയിൽ എത്തിച്ചേരാം.





OTher Links

ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848